30 ഓഗസ്റ്റ് 2013

വീഴ്ച.......

ഒരു വർത്തമാന ഇന്ത്യക്കാരന്റെ വ്യഥ

വീഴ്ചയുടെ ആഘാതം
വലുത് തന്നെയായിരുന്നു.
നിഗൂഢതയുടെ വന്യതയിലൂടെ സഞ്ചരിച്ചു
ആകാശത്തിന്റെ
അതിരിലേക്കു കടക്കുമ്പോഴായിരുന്നു
വേദനയുടെ പർവ്വങ്ങൾ
സീമകൾ തീർക്കാൻ തുടങ്ങിയത്.
അപ്പോഴും ,
പഴം തിന്നാതിരുന്ന പൂർവചിന്തകൾ
അലോസരത്തിന്റെ സീൽക്കാരങ്ങൾ
പുറപ്പെടുവിപ്പിക്കുന്നുണ്ടായിരുന്നു.
പാമ്പുകൾ തിമിർത്താടുന്ന
പാലമരക്കോട്ടയിലേക്കാണവർ
 ഞങ്ങളെ നയിക്കുന്നതെന്നറിയാൻ,
ശൂന്യതയുടെ പാടനീങ്ങി വിശപ്പിന്റെ
ഘോരഗർജ്ജനങ്ങൾ കർണപുടങ്ങൾ
ഭേദിക്കുംവരേ കാത്തിരിക്കേണ്ടി വന്നു!

~~~~~~~~~~~~~~പി.കെ.ഹംസ


23 ഓഗസ്റ്റ് 2013

1991ൽ തുറന്ന വാതായനങ്ങൾ..

       ഒബാമയുടെ പരിഷ്കാരങ്ങൾ അന്നാട്ടുകാർക്കു മാത്രമല്ല  ലോകത്തിനും  ബോധിച്ചു എന്നു വേണം കരുതാൻ. അഹങ്കാരത്തിന്റെ തിളപ്പിൽ കാണുന്നിടത്തെല്ലാം കടന്നുകയറി യുദ്ധം നടത്തി രാജ്യത്തിന്റെ  നട്ടെല്ലു തകർത്ത       മുൻ‌ഗാമികളിൽനിന്നും          തികച്ചും വ്യത്യസ്തനായി, പുറംനാട്ടിലുള്ള ലക്ഷക്കണക്കിനു തീറ്റപ്പണ്ടാരങ്ങളെ(Warriors)  തിരിച്ചു വിളിച്ചപ്പോൾ     തന്നെ     ഡോളർ       ഉയരം കൂടിയ    ഗോവണിയിലേക്ക്    കാൽവെച്ചു തുടങ്ങിയിരുന്നു.

             വലിയ    പണച്ചെലവും    ആളും    യന്ത്രങ്ങളുമില്ലാതെയുള്ള യുദ്ധ തന്ത്രങ്ങൾ അതിനിടയിൽ കറുമ്പൻ പരീക്ഷിച്ചു വിജയിപ്പിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന് ആഫ്രിക്കൻ/മധ്യേഷ്യൻ നാടുകളിൽ നുഴഞ്ഞു കയറി അവർക്കിടയിലെ രണ്ടുപക്ഷത്തേയും കാഞ്ഞ വിത്തുകളെ തിരഞ്ഞു പിടിച്ചു ആളും അർത്ഥവും നൽകി ചെറിയ പ്രശ്നങ്ങളിൽ പോലും ചകരി തിരുകി ഊതിപ്പെരുക്കി എല്ലാം വിഴുങ്ങുന്ന ഒരു തീഗോളമാക്കി തീർക്കുന്ന വിദ്യ!. പ്രത്യക്ഷത്തിൽ അമേരിക്കക്ക് യാതൊരു പങ്കുമില്ലെന്ന്  ലോകത്തിന് വിശ്വസിക്കേണ്ടിവന്ന മുല്ലപ്പൂ സ്വപ്നങ്ങൾ എന്നു നമുക്കതിനെ ആലങ്കാരികമായ് വിളിക്കാം! ഇന്ത്യയിലും ഇതിന്റെ വിത്തുകൾ പാകി കഴിഞ്ഞെന്നു വേണം അനുമാനിക്കാൻ.

           സത്യത്തിൽ, ഇന്ത്യയെ  തിളക്കിയെടുക്കാൻ തൊന്നൂറ്റിയൊന്നു മുതൽ പാടുപെടുന്നവർ ഓർക്കേണ്ട ചില സത്യങ്ങളുണ്ട്. ശീതയുദ്ധ കാലത്ത് വെട്ടിപ്പിടുത്തത്തിനും ഗോളാന്തര മേൽക്കോഴ്മക്കും വേണ്ടി അമേരിക്ക മുണ്ട് മുറുക്കിയുടുത്ത കാലത്ത്, പട്ടിണിപ്പാവങ്ങളാണേലും മൂന്നാം ലോകത്തെ ഭരണാധികാരികൾ അവരുടെ രാജ്യത്തിന്റെ വാതിലുകൾ പുറം രാജ്യത്തെ ചൂഷകരിൽ നിന്നുമുള്ള വേലിയേറ്റം തടയാൻ ശക്തിയുള്ള താഴുകളാൽ കൊട്ടിയടക്കാൻ ബദ്ധശ്രദ്ധരായിരുന്നു.

          ഇന്ത്യടക്കമുള്ള രാജ്യങ്ങൾ  സ്വയം  ആർജ്ജിച്ച കരുത്തിൽ മുന്നേറുകയും അത് രാഷ്ട്രത്തിന്റെ പൊതു സ്വത്തായി ശേഷിപ്പിക്കാനുമുള്ള ആർജ്ജവമുള്ള ഭരണാധികാരികളും ഉണ്ടായിരുന്നു നമുക്ക്. പ്രത്യേകിച്ചും ഇന്ദിരാ ഗാന്ധിയെപ്പോലുള്ള ഇഛാശക്തിയുള്ളവർ .(അവരുടെ രാഷ്ട്രീയം തൽക്കാലം വിടാം) പടിപടിയായുള്ള സ്വയം പര്യാപ്തതയുടെ മുന്നേറ്റമായിരുന്നു അത്. പഞ്ചവത്സര, ഇരുപതിനപരിപാടികൾ പോലുള്ളവ തീച്ചയായും ഇന്ത്യൻ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകളായിരുന്നു. പൊങ്ങച്ചങ്ങളിൽ പൊതിയാത്ത ആത്മാർത്ഥതയിൽ നിറഞ്ഞ മുന്നേറ്റം. കഴിയാവുന്നത്രയും പണമിടപാടു സ്ഥപനങ്ങളേയും, കഴിവുതെളിഞ്ഞ വ്യവസായ മേഖലകളേയും, ഒരു വിധപ്പെട്ട സേവനങ്ങളേയും ആസമയത്ത് ദേശസാൽക്കരിച്ചു. അവഗണിക്കാൻ കഴിയാത്ത സാങ്കേതികത മേഖലകളിൽ  നേരിട്ടുള്ള നിക്ഷേപങ്ങൾ ഏറ്റുവാങ്ങി ഇവിടെത്തന്നെ ഉറപ്പിച്ചു നിർത്തിയുള്ള വികസന മാതൃകകളും ഉണ്ടായി.
                               

    സോവിയറ്റ് യൂനിയന്റെ പതനത്തോടെ ഏകധ്രുവ ലോകത്തിൽ  മത്സരിക്കാൻ ആളില്ലാതായതോടെ വമ്പൻ ചിലവുകൾ ഗണ്യമായി കുറഞ്ഞ്  അമേരിക്കയുടെ സമ്പത്ഘടന മുൻപെങ്ങുമില്ലാത്ത വിധത്തിൽ പെരുകാൻ തുടങ്ങി. സ്വാഭാവികമായും അഹങ്കാരികളായ ഭരണാധികാരികൾ തങ്ങളുടെ ഹുങ്കും പ്രധാപവും ലോകത്തിനു മേൽ പ്രടിപ്പിക്കാൻ കണ്ടു പിടിച്ച ഏർപ്പാടായിരുന്നു നിസാര കാര്യങ്ങൾക്ക് പോലും ദുർബലരായ രാജ്യങ്ങളെ സർവ്വ സന്നാഹങ്ങളോടെ ആക്രമിച്ചു പീഡിപ്പിക്കൽ . യന്ത്രങ്ങൾക്കും പട്ടാളത്തിനും കീഴടക്കാൻ കഴിയാത്തതും ഈ ലോകത്തുണ്ടെന്ന ബോധോദയം ഉണ്ടാകുമ്പഴേക്കും പരിണിത ഫലമെന്നോണം  ചിലവുകൾ വീണ്ടും നിലയില്ലാ കയങ്ങളിലെക്ക് കൂപ്പുകുത്താൻ തുടങ്ങിയിരുന്നു.

         അമേരിക്കൻ സമ്പത്ത് പ്രത്യുത്പാദന ക്ഷമതയില്ലാത്ത യുദ്ധച്ചിലവുകളിലേക്ക് ഒഴുക്കാൻ തുടങ്ങിയപ്പോൾ  ലാഭകൊതിയന്മാരായ  നിക്ഷേപകർ, വളർച്ചയുടെ പടിവാതിൽക്കൽ കാലെടുത്തു വെക്കുന്ന എന്നാൽ തങ്ങളുടെ ഇങ്കിതങ്ങൾക്കെതിരു നിൽക്കാത്ത കിഴക്കൻ രാജ്യങ്ങളിലെ ഓഹരിവിപണികളിലും കടപ്പത്രങ്ങളിലേക്കും തങ്ങളുടെ നിക്ഷേപം ഒരു ഇടക്കാല വിളയായി പറിച്ചു നടുകയായിരുന്നു.  ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒരു പുറംകാഴ്ചക്കാരനായി.

         ചൈനയെപ്പോലുള്ള രാജ്യങ്ങൾ ദീർഘകാല നിക്ഷേപങ്ങൾക്ക് മുന്‍തൂക്കം നൽകി അവരുടെ ഉല്‍പാദനക്ഷമത വർദ്ധിപ്പിച്ചു  കയറ്റുമതിയിൽ ശ്രദ്ധയൂന്നിയപ്പോൾ ഇന്ത്യ ചെറുകിടക്കാരേയും കർഷകരേയും ദ്രോഹിച്ചു  ഏതാനും വൻ‌കിടക്കാർക്ക് വേണ്ടി നിലനിന്നു രാജ്യത്തെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ തകിടം മറിക്കാനുള്ള ശ്രമത്തിലാണ്. കേരളം ക്രിഷിക്ക് യോഗ്യമല്ലെന്ന് പോലും ഒരു ആസൂത്രണക്കാരൻ ഈയിടെ തട്ടിവിടുകയുണ്ടായി .വമ്പന്മാരെ പിണക്കാനുള്ള മടികാരണം ഇന്ത്യയിലുള്ള ക്രൂഡോയിൽ ശേഖരം പോലും വേണ്ട വിധത്തിൽ ഖനനം നടത്താൻ ശ്രമിക്കുന്നില്ല! വർഷങ്ങളോളം ഉപയോഗിക്കാനുള്ള കലക്കരി ശേഖരം ഖനനം നടത്തി കയറ്റുമതി നടത്താനുള്ള ശേഷി നമുക്കുണ്ടെങ്കിലും കൽക്കരിയും നാം ഇറക്കുമതി ചെയ്യുന്നു എന്നതാണ് കൌതുകകരമായ അവസ്ഥ!

          അതീവ കരുതലോടെ കൈകാര്യം ചെയ്യേണ്ട  ഒഴുകുന്ന വിദേശ ധനത്തെ  യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യടക്കമുള്ള രാജ്യങ്ങൾ  ലാഘവ ബുദ്ധിയോടെ സ്വീകരിച്ചു  തന്റെ കിടപ്പാടം പോലും അവർക്ക് തീരെഴുതി ഒരു കുടിയിരിപ്പു കാരന്റെ അവസ്ഥയോളമെത്തിച്ചു കാര്യങ്ങൾ. മുതലിന്റെ അയിരക്കണക്കിനു ഇരട്ടി ലാഭം അവർ അപ്പോഴേക്കും കൊയ്തു കഴിഞ്ഞിരുന്നു.വിപണിയെ അവരുടെ ഇഛക്കനുസരിച്ച് കൂട്ടാനും കുറയ്ക്കാനുമുള്ള ഹിക്ക്മത്തും അവർക്ക് നന്നായി വശമുണ്ടായിരുന്നു. ഹർഷത് മേത്തയെന്ന കാളക്കൂറ്റനിലൂടെ രാജ്യം അതിനു സാക്ഷ്യം വഹിക്കുകയും ചെയ്തു..  ഒരു ശരാശരി ഇന്ത്യൻ പൌരൻ പൊലിമയുള്ള മിസൈലുകൾക്കും സാറ്റലൈറ്റ് കമ്യൂണിക്കേഷനുമിടയിൽ ഭക്ഷണവും കിടപ്പാടവുമില്ലാതെ നാളെയെന്ത് എന്ന ആധിയിൽ കണ്ണുമിഴിച്ചു നിൽക്കുകയാണ്.

          കൊറിയക്കാർ കൊമ്പ്കോർത്ത് ഇഞ്ചോടിഞ്ച് പൊരുതാനുള്ള വാജ്ഞ കാണിച്ചപ്പോഴും  അനങ്ങാപ്പാറയായി നിന്ന കൌശലക്കാരനായ ഒബാമയുടെ കണക്കുകളും കിഴുവുകളും യുദ്ധച്ചിലവുകളുടെ തടയണയും ഒക്കെ അന്നാട്ടിലെ ജനങ്ങളുടെ വാങ്ങൽ ശേഷി വദ്ധിപ്പിച്ചു എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ വൻകിട,ചെറുകിട നിക്ഷേപകർ പുറം രാജ്യങ്ങളിലെ കച്ചോടം നിർത്തി സ്വന്തം രാജ്യത്തേക്ക് പായും തലയണയുമായി തിരിച്ചു നടത്തം തുടങ്ങിയപ്പോൾ തൊന്നൂറ്റിയൊന്നുമുതൽ വാതായനങ്ങൾ തുറന്നിട്ട സർദാർജ്ജിയിപ്പോൾ നിന്നു കിതയ്ക്കുകയാണ്. ജനം എറിഞ്ഞവനെ തിരിച്ചറിയാതെയുള്ള നെട്ടോട്ടത്തിൽ വീണ്ടും വീണ്ടും ഏറ് ഏറ്റുവാങ്ങുകയും ചെയ്യുന്നു-
                   ~~~~~~~~~~~ ~~~~~~~~~~~ ~~~~~~~ പി കെ. ഹംസ

13 മേയ് 2013

മരണ മുഖം




  മരണത്തിന്റെ
സൗന്ദര്യത്തെ കുറിച്ച് പലരും എഴുതാറുണ്ട്.
സത്യത്തിൽ മരണത്തിന്റെ സൗന്ദര്യം
എങ്ങിനെയാണ് ആസ്വദിക്കുക?
പ്രാണന്റെ അംശത്തോളം അടുത്ത
ഒരാളുടെ ദേഹവിയോഗം  ഒരു പക്ഷേ
ചിലർക്കൊക്കെ ആസ്വദിക്കാൻ കഴിഞ്ഞെന്നു വരാം.
അതിനു പക്ഷെ,
ഒരു സാധാരണ മനുഷ്യനിൽ നിന്നും
വഴിമാറി നടന്ന് എല്ലാം ത്യജിക്കാനുള്ള കരുത്ത്
ആർജ്ജിച്ച ഒരു അസാധാരണ മനുഷ്യനായിരിക്കും
അയാൾ.
അല്ലെങ്കിൽ ഇസങ്ങളുടെ ഉന്മാദ ലഹരിയിലേക്ക്
ആനയിക്കപ്പെട്ട് അന്യന്റെ മരണത്തെ,
സൗന്ദര്യത്തിനപ്പുറത്തു ആത്മനിർവ്രിതിയുടെ 
വികാരപ്രളയത്തിൽ രമിക്കുന്ന മനുഷ്യരുടെ
കൂട്ടമായിരിക്കും അത്.
ഒരു സാധാരണ വ്യക്തിയിൽ ഓരോ അകാല മരണവും
വേദനയുടെ പാടുകളാണ് അവശേഷിപ്പിക്കുന്നത്.
ഏറ്റവും അടുത്ത
സാമീപ്യമാണ് മരണം കവർന്നെടുക്കുന്നതെങ്കിൽ
ഒരിക്കലും ഉണങ്ങാത്ത നീറുന്ന ഒരു മുറിവായ് അത്
എപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.

(ബംഗ്ലാദേശിലെ ഒരു തൊഴിൽ ശാല തകർന്ന് മരിച്ച
ആയിരങ്ങളുടെ ഓർമ്മക്കായ് നമ്മോടു സംവദിക്കുന്ന ചിത്രം)



 
                                                    

01 മേയ് 2013



 
~~~~~~~~~~~~
 കാത്തിരിപ്പ് !!
~~~~~~~~~~~~

തനിച്ചാണു താമസം
പഴയൊരീ
മാളികയുടെ ഒന്നാം നിലയിൽ.
ഊരും നഗരവും താണ്ടി
 മിച്ചമാമീയായുസിനെ
യിത്തിരിയിവിടം തളച്ചിടാൻ..
പിടക്കോഴി യെന്നോപിരിഞ്ഞു;
ഉള്ളിലേക്കുള്ള ഗോവണികളെന്നും
എനിക്കിറങ്ങാന്മാത്രമുള്ള
വികാസത്തിലായതിനാൽ.
 പ്രശ്നമതല്ലിപ്പോളലറ്റുന്നത്
തട്ടുമ്പുറത്തിരുന്ന്
 ബഹളം വെച്ചെന്നുറക്കം
കെടുത്തും പൂച്ചകളെ
ലോറിക്കാരനു കാശ്കൊടുത്തു
നാടുകടത്തിച്ചു .
കെടുത്താനൊരു റക്കമുണ്ടായിരുന്നതും
വിട്ടകന്നപ്പോൾ ഞാൻ,
പൂച്ചകളെതേടി
ഒരിക്കലും വരാത്ത
ലോറിക്കാരനെ കാത്തിരിപ്പാണ്.

........................പി.കെ.ഹംസ





08 ഫെബ്രുവരി 2013

രണ്ടുവരി ശ്രമം





 ~~~~~~~~~
മോഹഭംഗം

~~~~~~~~~~
നിലാവിന്റെ തൂശനിലയിലായിരുന്നു
രാവുറങ്ങിയത്.
നീലിമയാർന്ന ആകാശപ്പരപ്പിൽ
നക്ഷത്രങ്ങളുടെ ജ്വാലകൾക്ക്
 പോരിമ കുറവായിരുന്നു.
പാതിമരിച്ച പ്രണയാത്മാവുകൾ 
ശീതക്കാറ്റേറ്റ ആകാരങ്ങളിൽ,
ചൂടിന്റെ കണികക്കായ്
കണ്ണയയ്ക്കുന്നുണ്ടായിരുന്നു;
മണ്ണിൽ നിന്നും വിണ്ണിലേക്കുയർന്ന
നെടുവീർപ്പിന്റെ വേലിയേറ്റത്തിലും
ചൂടിന്റെ സ്പന്ദനങ്ങളില്ലായിരുന്നു.
സുതാര്യമായ ഹ്രിദയ ചില്ലുപാളികളിൽ
വർണരാജി തെളിച്ചു
കാഴ്ചയുടെ ഗതി,തിരിച്ചവരിന്നെവിടെ?

                                     ~~~~പി.കെ .ഹംസ